
ആരും തെറ്റിദ്ധരിക്കരുത്, ഒരു സിനിമാക്കഥയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കഥാപാത്രമായ ‘മോനായി’ തന്റെ യാത്ര ജയിലില്‍ നിന്ന് ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ മോനായി. മോനായി തന്‍റെ സഖിയായി മല്ലികയെ കണ്ടെത്തുന്നു. ജയിലിന്‍റെയും കുറ്റകൃത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ അവര്‍ പരസ്പരം മനസിലാക്കുന്നു. മോനായിയും മല്ലികയും ജയിലില്‍ നിന്ന് ഒരു യാത്ര ആരംഭിക്കുകയാണ്.
ഏറെ പുതുമയുള്ള ഈ കഥയാണ് ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റേത്. എം. സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. അതുപോലെ തന്നെ, ‘മല്ലിക’ എന്ന നായികാ കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്നും തീരുമാനിച്ചിട്ടില്ല. ഗ്യാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി - ജോണി ആന്‍റണി ചിത്രം 2012 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.