

ബോളിവുഡിന്‍റെ ആകാംക്ഷാപൂര്‍വമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യ പൊതുവേദിയിലെത്തി. കഴിഞ്ഞ മാസം അമിതാ ബച്ചന്‍റെ എഴുപതാം പിറന്നാള്‍ ആഘോഷ വേദിയിലെത്തിയ ആരാധ്യയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ താരകുടുംബം മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആരാധ്യയുടെ അധികം ചിത്രങ്ങളൊന്നും മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഫ്രഞ്ച് നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഐശ്വര്യയ്ക്കൊപ്പം ആരാധ്യയുമുണ്ടായിരുന്നു. വെള്ള ഫ്രോക്കും പൂക്കള്‍ കൊണ്ടുള്ള ഹെയര്‍ ബാന്‍ഡുമണിഞ്ഞ് അമ്മയുടെ ഒക്കത്തിരുന്ന് എത്തിയ ആരാധ്യയാകട്ടെ ഐശ്വര്യയെക്കാള്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ച് വെള്ളിവെളിച്ചത്തിലേക്കുള്ള തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ബച്ചന്‍ കുടുംബം ഒന്നടങ്കം ചടങ്ങിന് എത്തിയിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെ കരച്ചില്‍ തുടങ്ങിയ ആരാധ്യയുടെ കരച്ചിലടക്കാന്‍ അച്ഛന്‍ അഭിഷേക് പാടുപെടുന്നത് ചടങ്ങിലെ കൗതുകക്കാഴ്ചയായി. ഈ വര്‍ഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും ആരാധ്യ ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. 11 മാസം പ്രായമായ ആരാധ്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ബച്ചന്‍ കുടുംബം ഇതുവരെ തയാറായിരുന്നില്ല. ഈ മാസം 16നാണ് ആരാധ്യയുടെ ഒന്നാം പിറന്നാള്‍.

















